കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പരാതി. നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തേ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായും കുടുംബം ആരോപിച്ചിരുന്നു.
അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ ആരോപിച്ചു.



