പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് കുട്ടികളെ തെരഞ്ഞെടുത്തത്.
സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും റിട്ടയേർഡ് ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി കുട്ടികളെ നിയോഗിക്കുന്നത്.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അർജുൻ വിയുടെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദൻ ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിയെ നറുക്കെടുക്കും.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെ മൈഥിലി രാജയുടെയും രഞ്ജിത്ത് രാജന്റെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അനശ്വര മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയെ നറുക്കെടുക്കും.
ഒക്ടോബർ 17ന് രാവിലെ തിരുവാഭരണ മാളികയ്ക്ക് മുന്നിൽ കെട്ടുനിറച്ച ശേഷം കുട്ടികൾ വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് ഇരുവരും ശബരിമല സന്നിധാനത്തിലേക്ക് യാത്ര തിരിക്കും.




