കൊല്ലം: ആയൂരിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ അശ്വതി അച്ചു പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ മകൾ അമൃതയെ (18) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിൽ ഒഴിച്ചുവെച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് അമൃതയുടെ മൊഴി. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്.
വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിന് പിന്നാലെ രാത്രിയിൽ തന്നെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിലെത്തിച്ചതായാണ് വിവരം. അവിടെനിന്നാണ് അമൃതയെ പൊലീസ് പിടികൂടിയത്. കേസിൽ അമൃത ഒന്നാം പ്രതിയും അശ്വതി രണ്ടാം പ്രതിയുമാണ്.
ഹണി ട്രാപ്പ് കേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളയാളാണ് അശ്വതി അച്ചു. പൊലീസുദ്യോഗസ്ഥർ, മുൻമന്ത്രി, മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന കേസുകളിലും അശ്വതി പ്രതിയാണെന്നാണ് റിപ്പോർട്ട്.


