കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കൊച്ചിയിൽ ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്. ജൂൺ 15ന് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ആരംഭിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം തകർച്ചയിലായെന്നാണ് സമിതിയുടെ ആരോപണം.
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ട് ഒന്നര മാസം പിന്നിട്ടിട്ടും ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി. വ്യക്തികളും സഹകരണ സംഘങ്ങളും എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വഴി ലഭ്യമാക്കുന്ന ബസുകൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ പുതിയ സൗജന്യ ബസുകൾ സർവീസ് നടത്താൻ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയും അതിന് തുല്യമായ തുക ബസ് ഉടമകൾക്ക് സർക്കാർ നൽകുകയും ചെയ്യുക, 15 വർഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കുക, നാലര വർഷം മുമ്പ് നിശ്ചയിച്ച ബസ് യാത്രാനിരക്ക് പുതുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഡീസൽ വിലയിൽ സർക്കാരിന് ലഭിക്കുന്ന നികുതിയിൽനിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്നും ടൈമിങ് കോൺഫറൻസുകൾ ഓൺലൈനായി നടത്താനുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷനുകൾ നിർത്തലാക്കുക, സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ മാത്രം ഗ്രാമവണ്ടികൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. പത്മകുമാർ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കി ബസുകളുടെ പ്രായപരിധി വർധിപ്പിക്കുക, ഇൻഷുറൻസ് ചെലവ് സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളിലും അടിയന്തര തീരുമാനമുണ്ടാകണമെന്നാണ് സമിതിയുടെ നിലപാട്.
ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ മൂന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് എറണാകുളത്ത് ചേർന്ന സംയുക്ത സമരസമിതി യോഗം അറിയിച്ചു.




