പമ്പ: തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെ ദർശനത്തിനായി വൻ ബുക്കിങ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകരാണ് ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. പൂജ അവധി ദിവസങ്ങൾ കൂടി വരുന്നതിനാൽ മണ്ഡലകാലത്തിന് സമാനമായ തിരക്കാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.
തുലാം ഒന്നായ ഒക്ടോബർ 18ന് 50,000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ബുക്കിങ് ഇപ്പോഴും തുടരുകയാണ്. ഇതോടെ വരും ദിവസങ്ങളിൽ സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ശുചിമുറികളും കുളിമുറികളും സൗജന്യം
ശബരിമല തീർഥാടകർക്കായി ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിൽ പണം ഈടാക്കി നൽകിയിരുന്ന സൗകര്യങ്ങളാണ് സൗജന്യമാക്കിയത്. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
താൽപ്പര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിപ്ലവകരമായ തീരുമാനമെന്നാണ് സൗജന്യ പ്രഖ്യാപനത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശേഷിപ്പിച്ചത്.
അതേസമയം, ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കി. പ്രതിദിനം 79 രൂപയായിരുന്ന ഗ്രാന്റ് 90 രൂപയായാണ് ഉയർത്തിയത്.



