തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. എംഎൽഎ രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കും കഴിഞ്ഞില്ല. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പിൽ രമ്യാ ഹരിദാസ് പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. തുടർന്ന് എംഎൽഎയുടെ മൊഴിയില്ലാതെയാണ് സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകിയത്.
തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് രമ്യാ ഹരിദാസിന്റെ വിശദീകരണം.
രമ്യാ ഹരിദാസിനെതിരെ ചിറയിൻകീഴിലെ ഒരു വിഭാഗം നേതാക്കൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പ്രാദേശിക നേതൃത്വം തന്നെ രമ്യയ്ക്കെതിരെ രംഗത്തെത്തി.
കിഴുവിലം, പൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ രമ്യാ ഹരിദാസിനെതിരെ പ്രമേയം പാസാക്കി. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കൃത്യമായ പദ്ധതികൾ സമർപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഇരു കമ്മിറ്റികളുടെയും യോഗങ്ങളിൽ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് രമ്യാ ഹരിദാസുമായുള്ള കയ്യാങ്കളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികൾ രമ്യയ്ക്കെതിരെ പ്രമേയം പാസാക്കിയത്.
രമ്യാ ഹരിദാസിന്റെ മൂന്ന് പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം രാജിവെച്ചതും ചർച്ചയായിട്ടുണ്ട്. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് രമ്യാ ഹരിദാസിന്റെ വിശദീകരണം.
പ്രാദേശിക നേതൃത്വവുമായുള്ള തർക്കം തുടർന്നാൽ മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. കെപിസിസി സമിതിയുടെ റിപ്പോർട്ടിനും മണ്ഡലം കമ്മിറ്റികളുടെ നിലപാടിനും പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതാണ് ഇനി ശ്രദ്ധേയം.




