Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാക്കേക്കടവ്-നേരേകടവ് പാലത്തിൽ അവകാശവാദവുമായി എൽഡിഎഫും യുഡിഎഫ് സർക്കാരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര്. പാലം യാഥാർഥ്യമാക്കിയത് തങ്ങളാണെന്ന അവകാശവാദവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഉദ്ഘാടനച്ചടങ്ങിലെ പരാമർശങ്ങളും മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും വിവാദത്തിന് കൂടുതൽ ചൂടുപകർന്നു.

ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതിയുടെ നാൾവഴികൾ പുറത്തുവിട്ട എൽഡിഎഫ്, പാലത്തിന്റെ നിർമാണത്തിൽ തങ്ങളുടെ സർക്കാരുകൾ വഹിച്ച പങ്ക് ഉയർത്തിക്കാട്ടി. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് നാട്ടുകാരെ പങ്കെടുപ്പിച്ച് ആഘോഷപരിപാടികളും പാലത്തിലൂടെ ജനകീയ നടത്തവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എ.എം. ആരിഫ്, സി.കെ. ആശ, ദലീമ ജോജോ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പാലത്തിന് തറക്കല്ലിട്ട മുൻമന്ത്രി ജി. സുധാകരനെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളിലേക്ക് ക്ഷണിച്ചില്ലെന്നും നോട്ടീസിൽ അദ്ദേഹത്തിന്റെ പേരോ ചിത്രമോ ഉൾപ്പെടുത്തിയില്ലെന്നും പരാതിയുയർന്നിരുന്നു. ഇതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിച്ചത് കെ.സി. വേണുഗോപാലാണെന്ന് ഷാനിമോൾ ഉസ്മാൻ അവകാശപ്പെട്ടു. മുൻ എംഎൽഎ എ.എം. ആരിഫും പദ്ധതിക്കായി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് നിർമാണം ആരംഭിച്ചതെന്നും അവർ പറഞ്ഞു.

എന്നാൽ, ഉദ്ഘാടനവേദിയിൽ ആരിഫിനെക്കുറിച്ച് ഷാനിമോൾ പരാമർശിച്ചപ്പോൾ സദസ്സിൽനിന്ന് കൂവലുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

പാലം പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് നിർമിച്ചതെന്നും അന്ന് കിഫ്ബി ഉണ്ടായിരുന്നില്ലെന്നും മന്ത്രി പി.കെ. ബഷീർ പ്രതികരിച്ചു. ഇതിന് മറുപടിയായി, അന്നുതന്നെ പാലം ഉദ്ഘാടനം ചെയ്യാമെന്ന് മുഹമ്മദ് റിയാസിനോട് താൻ പറഞ്ഞിരുന്നതായി എ.എം. ആരിഫ് വ്യക്തമാക്കി.

പാലത്തെ ഉമ്മൻചാണ്ടിയുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച ഷാനിമോൾ ഉസ്മാന്റെ പരാമർശത്തിന്, ഇത് ആയിരങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണെന്നായിരുന്നു ആരിഫിന്റെ മറുപടി.

2006ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമായതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 2017ൽ ജി. സുധാകരൻ തറക്കല്ലിട്ടതും പദ്ധതിയുടെ നിർമാണത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ പുരോഗതിയുണ്ടായതും നേതാക്കൾ ഓർമിപ്പിച്ചു.

പാലത്തിന്റെ 90 ശതമാനം നിർമാണപ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നതെന്നും 98.09 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും എ.എം. ആരിഫ് അവകാശപ്പെട്ടു.

പാലം ഒരൊറ്റ സർക്കാരിന്റെ സംഭാവനയായി കാണാനാകില്ലെന്നും നിരവധി ജനപ്രതിനിധികളുടെയും ഭരണകൂടങ്ങളുടെയും ശ്രമങ്ങളുടെ ഫലമാണ് പദ്ധതിയെന്നും സൂചിപ്പിച്ച ആരിഫ്, ഫ്ലക്സുകൾ കൊണ്ട് എത്രകാലം രാഷ്ട്രീയമായി മുന്നോട്ടുപോകാനാകുമെന്നും ചോദിച്ചു.

പാലം ഗതാഗതത്തിനായി തുറന്നതോടെ ആലപ്പുഴ–കോട്ടയം ജില്ലകൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ, വികസനപദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം ഉദ്ഘാടനദിനത്തിലും അവസാനിച്ചില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix