തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ സമൂലമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാർ. ബാർ ലൈസൻസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ലൈസൻസ് ഫീസ് വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങൾക്കിടെ ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി പ്രത്യേക പാർലറുകൾ ആരംഭിക്കുന്നതും പുതിയ മദ്യനയത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോർട്ടി വൈൻ പാർലറുകൾ ആരംഭിക്കാനാണ് ആലോചന. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനാവകാശം സംബന്ധിച്ചും തീരുമാനമുണ്ടാകും. പുതിയ മദ്യനയത്തിന്റെ കരട് നവംബർ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറാനാണ് നീക്കം. യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷമായിരിക്കും മദ്യനയത്തിന് അന്തിമരൂപം നൽകുക.
പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന് മദ്യനയത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുകയെന്നത് വലിയ വെല്ലുവിളിയാണ്. എക്സൈസ് മന്ത്രി എം. ലിജുവിനെ സംബന്ധിച്ചും നിർണായകമായ ദൗത്യമാണിത്. യു.ഡി.എഫ് സർക്കാരുകളുടെ മദ്യനയം മുൻകാലങ്ങളിൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പുതിയ നയത്തിന്റെ കരട് തയ്യാറാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബാറുകളുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി 11 വരെ നിശ്ചയിക്കാനാണ് തീരുമാനം. തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. ബെവ്കോയിലെയും കൺസ്യൂമർഫെഡിലെയും തൊഴിലാളികളും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അശാസ്ത്രീയമായ രീതിയിൽ ബാർ ലൈസൻസുകൾ അനുവദിച്ചെന്ന ആരോപണം ബാറുടമകളുടെ സംഘടനകൾ തന്നെ ഉന്നയിച്ച സാഹചര്യത്തിലാണ് ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നത്. ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കുന്നതിനോട് സർക്കാരിന് അനുകൂല നിലപാടില്ല. പകരം പ്രത്യേക പാർലറുകൾ ആരംഭിക്കാനാണ് ആലോചന. സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് സഹായകരമാകുന്ന പദ്ധതിയെന്ന നിലയിലാണ് ഈ മാറ്റം പരിഗണിക്കുന്നത്.
വിവിധ സംഘടനകളുടെയും ബന്ധപ്പെട്ട മേഖലയിലെ തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നത്. അന്തിമ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി വിവിധ നിർദേശങ്ങൾ പരിശോധിക്കും.




