കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ നൽകിയ ഡയറക്ടർ പദവി സർക്കാർ റദ്ദാക്കി. ടോമിന്റെ ക്രിമിനൽ പശ്ചാത്തലവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജെയിൻ യൂണിവേഴ്സിറ്റി നൽകിയ ഹോണററി പദവികളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുകൊണ്ടുവന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയിയെ പകരം ഡയറക്ടറായി നിയമിക്കും.
ടോം ജോസഫ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ രാജി ലഭിച്ചെങ്കിലും അത് സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു മന്ത്രി ഷിബു ബേബി ജോൺ. ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി രാജിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യാജരേഖാ കേസിലെ പ്രതിയായ ടോം ജോസഫുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തട്ടിപ്പാരോപണങ്ങളുടെ പിന്നാമ്പുറ കഥകളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നിരുന്നു.
ഷിബു ബേബി ജോണിന് ജെയിൻ യൂണിവേഴ്സിറ്റി ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ എന്ന ഹോണററി പദവി നൽകിയിരുന്നു. ഇതിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ടോം ജോസഫിനെ കെഎഎസ്ഇ ഡയറക്ടറായി സർക്കാർ നിയമിച്ചത്. മന്ത്രിക്ക് സർവകലാശാല നൽകിയ പദവിയും പിന്നാലെയുണ്ടായ സർക്കാർ നിയമനവും രാഷ്ട്രീയ-ഭരണതലങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
ഷിബു ബേബി ജോൺ ഡയറക്ടറായ ‘ജോൺ ആൻഡ് മേരി ക്രിയേറ്റീവ്’ എന്ന സിനിമാ നിർമാണ കമ്പനിയുമായി സഹകരിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദാവീദ്’ എന്ന സിനിമ ടോം ജോസഫും നിർമിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. എന്നാൽ ഇക്കാര്യത്തിൽ രഹസ്യമായി ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ടോം ജോസഫുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായ വിവരങ്ങൾ പുറത്തുവന്നിട്ടും അദ്ദേഹത്തെ ആദ്യമായി കാണുന്നത് വാർത്തകൾ പുറത്തുവന്നതിന് ശേഷമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. എന്നാൽ മന്ത്രിയെ കാലങ്ങളായി അറിയാമെന്നും സർക്കാർ പദവി തനിക്ക് ഇങ്ങോട്ട് വിളിച്ചുനൽകുകയായിരുന്നുവെന്നും ടോം ജോസഫ് വ്യക്തമാക്കിയിരുന്നു.
ഇരുവരുടെയും പ്രതികരണങ്ങളിലെ വൈരുധ്യമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ടോമിന്റെ ക്രിമിനൽ കേസുകളെക്കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി നടത്തിയ അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചെന്നും തുടർന്നാണ് രാജി വാങ്ങിയതെന്നും മന്ത്രി പിന്നീട് പ്രതികരിച്ചിരുന്നു.
ടോം ജോസഫിന്റെ നിയമനം, മന്ത്രിയുമായുള്ള ബന്ധം, രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളിലെ മാറ്റം എന്നിവയെല്ലാം ഉയർത്തിയ വിവാദങ്ങൾക്കൊടുവിലാണ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാനുള്ള സർക്കാർ തീരുമാനം.




