ആലപ്പുഴ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടുത്തുപറയാവുന്ന പുതിയ വികസന പദ്ധതികളൊന്നും ഉണ്ടായില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. മാക്കേക്കടവ്–നേരെകടവ് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങളെന്നും സുധാകരൻ പറഞ്ഞു.
താൻ മന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംഎൽഎമാർക്കും ഒരുപോലെയാണ് ഫണ്ട് അനുവദിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇരു മുന്നണികളും വികസനാടിസ്ഥാനത്തിലല്ല ചിന്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മാക്കേക്കടവ്–നേരെകടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചത് താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണെന്നും പദ്ധതിയുടെ ഭൂരിഭാഗം ജോലികളും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയതെന്നും ജി സുധാകരൻ പറഞ്ഞു.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് എൽഡിഎഫ് ക്ഷണിച്ചില്ലെന്നും മാക്കേക്കടവ്–നേരെകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് യുഡിഎഫും ക്ഷണക്കത്ത് നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പാലം നിർമാണത്തിന്റെ ഉത്തരവാദിത്തം മുൻ എൽഡിഎഫ് സർക്കാരുകൾക്കാണെന്ന് തുറന്നുപറയാൻ പോലും സിപിഐഎമ്മിന് കഴിയുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വ്യക്തിവൈരാഗ്യം മൂലം സ്വന്തം നേട്ടങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ പാപ്പരത്വത്തിലേക്കാണ് സിപിഐഎം നീങ്ങിയിരിക്കുന്നതെന്ന് ജി സുധാകരൻ ആരോപിച്ചു. താൻ മന്ത്രിയായിരുന്നില്ലെങ്കിൽ ഈ പാലങ്ങൾ യാഥാർഥ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
തന്നെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്നും എന്നാൽ ജില്ലയിലെ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടിയിൽനിന്ന് സ്വമേധയാ മാറിയതാണെന്നും പാർട്ടിയെ ആക്ഷേപിച്ചല്ല പുറത്തുപോയതെന്നും സുധാകരൻ വ്യക്തമാക്കി.
മാക്കേക്കടവ്–നേരെകടവ് പാലം നിർമാണ പദ്ധതിയിൽ ഷാനിമോൾ ഉസ്മാന് പങ്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. അവർ തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ആലപ്പുഴയിലെ രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. പദ്ധതിയുടെ നിർമാണത്തിൽ വിവിധ സർക്കാരുകൾ വഹിച്ച പങ്കും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.




