തിരുവനന്തപുരം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി വനിതാ നേതാക്കൾ. കെ.കെ. ശൈലജ, പി.കെ. ശ്രീമതി, സി.എസ്. സുജാത തുടങ്ങിയ നേതാക്കളാണ് ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയായേക്കും.
സുരേഷ് ബാബുവിനെതിരെ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഉയർന്നുവരുന്ന പരാതികളിൽ കഴമ്പുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് വനിതാ നേതാക്കളുടെ നിലപാട്. പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെയും പരോക്ഷമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകുമ്പോൾ കൃത്യമായ നിലപാട് അറിയിക്കുമെന്നായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.
സുരേഷ് ബാബുവിനെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ തീരുമാനമെടുക്കണമെന്നും സംസ്ഥാന കമ്മിറ്റി അത് അംഗീകരിക്കണമെന്നുമാണ് വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്. പാർട്ടിയിലെ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടി പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുക മാത്രമാണ്. നിലവിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് സുരേഷ് ബാബു. ഉന്നത പാർട്ടി പദവിയിലിരിക്കുന്ന ഒരാൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് മാത്രം നടപടി അവസാനിപ്പിക്കരുതെന്നാണ് വനിതാ നേതാക്കളുടെ നിലപാട്.
പരാതിയിൽ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ, വനിതാ നേതാക്കൾ ഒന്നടങ്കം കടുത്ത നടപടിയെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാൽ പാർട്ടിക്ക് കൂടുതൽ കർശനമായ തീരുമാനങ്ങളിലേക്ക് കടക്കേണ്ടിവരുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽനിന്ന് ഉൾപ്പെടെ സുരേഷ് ബാബുവിനെ മാറ്റിനിർത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും.
അതേസമയം, സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചതായി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതെന്നാണ് നേതൃത്വം ഇപ്പോഴും വിശദീകരിക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുമെന്നതും നേതൃത്വത്തിന് മുന്നിലെ വെല്ലുവിളിയാണ്.




