കൊച്ചി: പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിലാണ് യോഗം. സർക്കാർ പുതുതായി നാമനിർദേശം ചെയ്ത ഒൻപത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. കെ.എസ്. ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് ഇന്ന് നടക്കുന്നത്. ഭരണപരമായ 40 അജണ്ടകളാണ് യോഗത്തിൽ പരിഗണിക്കുക.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇരു സമസ്ത വിഭാഗങ്ങളിലെയും അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ബോർഡിന്റെ ആദ്യ യോഗം ചേരുന്നത്. എ.പി. വിഭാഗത്തെ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.




