ഐച്ചി-നാഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. സംഭവത്തിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ പരിഗണിക്കുന്നതായി പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
താരങ്ങൾ താമസിച്ചിരുന്ന ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
പരാതിക്കാരിയായ ജീവനക്കാരി മുറിയിൽനിന്ന് രക്ഷപ്പെട്ട് ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജാപ്പനീസ് പോലീസ് സ്ഥലത്തെത്തി ഷംസ് ആലം ഷെയ്ഖിനെയും ഇന്ത്യൻ പ്രതിനിധികളെയും ചോദ്യം ചെയ്തു. പിന്നീട് താരത്തെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് താരത്തെ ഗെയിംസിൽനിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. സംഭവത്തിൽ താരത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ പരിഗണിക്കുകയാണെന്ന് പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.




