ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും പ്രദർശനമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കുകയും തോൽക്കുമ്പോൾ കമ്മീഷനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് പിന്തുടരുന്നത് നിഷേധാത്മക രാഷ്ട്രീയമാണെന്നും അടുത്ത 30 വർഷത്തേക്ക് പാർട്ടിക്ക് അധികാരത്തിലെത്താനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വിജയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിഷേധങ്ങൾകൊണ്ട് രാഷ്ട്രീയമായി ഒന്നും നേടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, പഞ്ചാബിലും ബിജെപി അധികാരത്തിലെത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ വിമർശനമുന്നയിച്ചു. പഞ്ചാബിലെ എഎപി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരങ്ങളും പ്രതിഷേധങ്ങളും മാത്രമാണ് എഎപി രാഷ്ട്രീയ പ്രവർത്തനമായി കാണുന്നതെന്നും ഡൽഹിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അമിത് ഷാ ആരോപിച്ചു.




