ആലപ്പുഴ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപം സിന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി.
ബെംഗളൂരുവിൽ അധ്യാപികയായ സിന്ധുവിന്റെ വീട് ആറുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സിന്ധുവിന്റെ അമ്മ തിരുവനന്തപുരത്തുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് അടച്ചിട്ടത്. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാൻ എത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയിലെ ഗ്രില്ലും അടുക്കളയുടെ പൂട്ടും തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടിലെത്തിയ സിന്ധു ബന്ധുക്കളായ മധുസൂദനൻ, പി.വി. അശോക് എന്നിവർക്കും മാന്നാർ പൊലീസിനുമൊപ്പം വീട്ടിൽ പരിശോധന നടത്തി. തുടർന്നാണ് സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. മാന്നാർ പൊലീസ് എസ്.എച്ച്.ഒ കെ. അജിത്തിന്റെ നേതൃത്വത്തിൽ കേസിൽ അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.




