ചെന്നൈ: കോക്രോച്ച് ജനത പാർട്ടിയെ (CJP) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചതിന് പിന്നാലെയാണ് അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്. അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘വി ദ ലീഡേഴ്സ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അണ്ണാമലൈ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ദേശസ്നേഹത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതിഷേധക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുന്നതിന് പകരം നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റുകൾ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടെങ്കിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീംകോടതി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല കാര്യങ്ങൾ ചെയ്യുന്ന നല്ല പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോഴും തെറ്റായ കാര്യങ്ങളെ ചോദ്യം ചെയ്യാൻ താൻ മടിക്കില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.




