തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് ഓട്ടുപാത്രങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ചത്.
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂൺ ഒന്നിനാണ് പ്രിൻസ് ക്ഷേത്രത്തിൽ പൂജാരിയായി ചുമതലയേറ്റത്. തുടർന്ന് പല തവണകളിലായി ക്ഷേത്രസാമഗ്രികൾ കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




