തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കു പുറമേ ഈ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 24ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഒക്ടോബർ 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട്
ഒക്ടോബർ 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒക്ടോബർ 25ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും.
ഒക്ടോബർ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതലെടുക്കണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമായവർ പകൽസമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പിലെയും അധികൃതരുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും ബലമില്ലാത്ത മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടസാധ്യതയുണ്ടെന്ന് തോന്നുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതത്തൂണുകൾ തകരാനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. കാറ്റ് വീശുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
ശക്തമായ മഴ പെയ്യുന്ന സമയത്ത് നദികൾ മുറിച്ചുകടക്കരുത്. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കയറി കാഴ്ച കാണുക, സെൽഫിയെടുക്കുക, ചിത്രങ്ങൾ പകർത്തുക, കൂട്ടംകൂടി നിൽക്കുക തുടങ്ങിയവയും ഒഴിവാക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണം.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലൂടെയും സഞ്ചരിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ മഴയിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം കരകവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ, പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, വൈദ്യുതത്തൂണുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം. മരങ്ങളുടെ അപകടകരമായ ശിഖരങ്ങൾ വെട്ടിയൊതുക്കുകയും അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.




