ചെന്നൈ: ടെലിവിഷൻ പരിപാടികളിലൂടെ രാജ്യത്തുടനീളം പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഷെഫ് ദാമു എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് നേടിയ പാചകവിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു. 617 വിഭവങ്ങളാണ് അദ്ദേഹം ഒരുദിവസം തയ്യാറാക്കിയത്. വിജയ് ടിവിയിലെ ജനപ്രിയ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’യിലെ വിധികർത്താവായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
തമിഴ്നാടിന്റെ പരമ്പരാഗത വിഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലെത്തിക്കുന്നതിൽ ഷെഫ് ദാമു നിർണായക പങ്കുവഹിച്ചു. നിരവധി പാചകപുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1977ൽ തമിഴ്നാട് വിനോദസഞ്ചാര വകുപ്പിനൊപ്പമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1986ൽ അധ്യാപന മേഖലയിലേക്കും കടന്നു. പാചകരംഗത്തെ സംഭാവനകളിലൂടെ രാജ്യത്തുടനീളം ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു ഷെഫ് ദാമു.




