പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവത്തിൽ നടപടി. കാർഡുകളിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസന്റ് സേവ്യറെ സസ്പെൻഡ് ചെയ്തു. സീതത്തോട് മെഡിക്കൽ ഓഫീസറാണ് നടപടി സ്വീകരിച്ചത്.
സീതത്തോട്ടിലെ അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിലാണ് ഡോക്ടർ ഒപ്പിട്ടതെന്നാണ് കണ്ടെത്തൽ. ആളുകളെ നേരിൽ കാണുകയോ ആരോഗ്യപരിശോധന നടത്തുകയോ ചെയ്യാതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമായ രേഖകളില്ലാതെയാണ് അമ്മ ക്ലിനിക് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതേത്തുടർന്ന് അമ്മ ക്ലിനിക്കും ബന്ധപ്പെട്ട സ്വകാര്യ ലാബും അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് പഞ്ചായത്തിന് നിർദേശം നൽകി.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾക്കിടെയാണ് ക്രമക്കേട് പുറത്തുവന്നത്.




