തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണങ്ങളുമായി ടി. വീണ. ഇ.ഡി. അന്വേഷണപരിധി മറികടന്ന് ഇടപെടുകയാണെന്നും എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ അതിനെ മറികടന്നാണ് ഇ.ഡിയുടെ നീക്കമെന്നും വീണ കോടതിയിൽ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും വീണ ആരോപിച്ചു.
സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കവെയാണ് വാദങ്ങൾ ഉയർന്നത്. സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥന്റെ നിലയിലേക്ക് മാറിയെന്നും ഭരണനിർവഹണ വിഭാഗം ചെയ്യേണ്ട ജോലിയാണ് നിർവഹിച്ചതെന്നും വീണയുടെ ഭാഗം കോടതിയെ അറിയിച്ചു. എതിർകക്ഷികൾക്ക് വാദം അറിയിക്കാൻ അവസരം നൽകിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.
അന്വേഷണം നടത്തണമോയെന്നത് സംസ്ഥാന ഏജൻസിയുടെ സ്വതന്ത്ര തീരുമാനമാണെന്നും സമാനമായ കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിന് സ്റ്റേയുണ്ടെന്നും വീണയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഡൽഹി ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും വാദമുയർന്നു.
പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന വാദം ഉയർന്നപ്പോൾ അദ്ദേഹം രാഷ്ട്രീയക്കാരനാണോയെന്ന് ഹൈക്കോടതി ചോദിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നുവെന്നും പിന്നീട് കെ.എം. ഷാജഹാനെ സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കിയതാണെന്നും ടി. വീണ കോടതിയിൽ വിശദീകരിച്ചു.



