തിരുവനന്തപുരം: സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ആരംഭിക്കുന്നത്. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബസുടമകളുടെ പരാതി.
പ്രശ്നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ നേരിൽ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ബസുടമകൾ പറയുന്നു. ഇതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
മിനിമം ബസ് ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ബസുകൾക്ക് ഡീസൽ ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ വാദം.
ഇതിനു മുമ്പ് ബസുടമകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




