ന്യൂഡൽഹി: കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ ആശങ്കയുയർത്തി ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 28-ന് രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാഗ്രതാ നടപടികൾ ശക്തമാക്കി.
അപകടസാധ്യതയുള്ള മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ദേശീയ ദുരന്തനിവാരണ സേനയെയും മറ്റ് രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ആന്ധ്രാപ്രദേശ് സർക്കാർ 20 ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 27 കോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംസ്ഥാനത്തുടനീളമുള്ള മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. 4,711 ഗർഭിണികളെ സുരക്ഷിതമായ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 30,043 മത്സ്യബന്ധന ബോട്ടുകൾ ഇതിനകം സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് തിരിച്ചെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങൾക്കായി 15 ദേശീയ ദുരന്തനിവാരണ സേനാ (എൻഡിആർഎഫ്) സംഘങ്ങളെയാണ് വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഒഡീഷയിലെ ആറ് തെക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിൽ സർവീസ് നടത്തേണ്ടിയിരുന്ന 53 ട്രെയിനുകൾ റദ്ദാക്കി. വിജയവാഡ, രാജമുണ്ട്രി, മച്ചിലിപട്ടണം, നരസാപൂർ, ഭീമാവരം, കാക്കിനാഡ പോർട്ട്, ഗുണ്ടൂർ, വിശാഖപട്ടണം തുടങ്ങിയ റൂട്ടുകളിലെ റെയിൽ ഗതാഗതത്തെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.
വിശാഖപട്ടണത്തുനിന്ന് 490 കിലോമീറ്ററും കാക്കിനാഡയിൽനിന്ന് 560 കിലോമീറ്ററും ബാപ്പട്ലയിൽനിന്ന് 730 കിലോമീറ്ററും അകലെയായിരുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറോട്ട് നീങ്ങുന്നതായാണ് റിപ്പോർട്ട്.
ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.




