വയനാട്: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി നത്തംകുനി ചുണ്ടേൽതൊടി വീട്ടിൽ അമൽ സി.ആർ. (26) ആണ് അറസ്റ്റിലായത്. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
2026 ജൂലൈ 26ന് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോമാട്ടുചാലിനടുത്ത് കോട്ടൂരിൽനിന്ന് 124.39 ഗ്രാം എംഡിഎംഎയുമായി കൽപ്പറ്റ മുണ്ടേരി സ്വദേശി വേണുഗോപാലിനെ (35) അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് അമലിന് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡാണ് പ്രതിയെ കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നേരത്തേ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 12ന് സുൽത്താൻ ബത്തേരി സ്വദേശി ജാസിം അലി (35), മുപ്പൈനാട് സ്വദേശി മുഹമ്മദ് ജെയ്സൽ (26) എന്നിവരെയും ഒക്ടോബർ 14ന് തോമാട്ടുചാൽ സ്വദേശി കെ.എസ്. സൂര്യനാരായണനെയും (25) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയത് സൂര്യനാരായണനാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ലഹരിക്കടത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് വാങ്ങാൻ പണം നിക്ഷേപിച്ചവർ, കടത്തിയവർ, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തവർ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ അമലിനെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച് അന്വേഷണം തുടരുകയാണ്. ലഹരിക്കടത്ത് ശൃംഖലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.




