തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നെയ്യാർഡാം ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിനെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് ഷിജു ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ 24-ാം തീയതിയാണ് അപകടമുണ്ടായത്. കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എതിർദിശയിൽ എത്തിയ ബൈക്ക് യാത്രികൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തിന് പിന്നാലെ കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഷിജു മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ എക്സൈസ് കമ്മീഷണർ റിപ്പോർട്ട് തേടിയിരുന്നു. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിജുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.




