ഇൻസ്റ്റഗ്രാമിൽ റീൽസുകൾക്ക് പിന്നാലെ ദൈർഘ്യമേറിയ വീഡിയോകൾക്കും കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി മെറ്റ. 90 മിനിറ്റ് വരെ ദൈർഘ്യമുള്ള പോഡ്കാസ്റ്റുകൾ, കോമഡി ഷോകൾ, അഭിമുഖങ്ങൾ തുടങ്ങിയവ പ്ലാറ്റ്ഫോമിൽ തന്നെ കാണാൻ സഹായിക്കുന്ന ‘ഫീച്ചേഴ്സ്’ എന്ന പുതിയ സംവിധാനമാണ് ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നത്. നിലവിൽ തിരഞ്ഞെടുത്ത കണ്ടന്റ് ക്രിയേറ്റർമാർക്കിടയിലാണ് പരീക്ഷണം. നേരത്തെയുണ്ടായിരുന്ന IGTV ഫീച്ചറാണ് തിരികെ കൊണ്ടുവരുന്നത്.
ദൈർഘ്യമേറിയ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രസീലിൽ നേരത്തെ പരീക്ഷിച്ച ഈ സംവിധാനം അമേരിക്കയിലെ തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കിടയിലും ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. കൂടുതൽ ക്രിയേറ്റർമാരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
പോഡ്കാസ്റ്റർമാർ, കോമഡി താരങ്ങൾ, അഭിമുഖ പരിപാടികൾ അവതരിപ്പിക്കുന്നവർ തുടങ്ങിയവരുടെ ഷോകൾ ഇനി ഇൻസ്റ്റയിലും കാണാം. ദൈർഘ്യമേറിയ ഒരു പരിപാടിയിൽ നിന്ന് ശ്രദ്ധേയമായ ഭാഗങ്ങൾ തിരഞ്ഞെടുത്ത് റീൽസുകളായി പങ്കുവെക്കാം. ഇവ കാണുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ പൂർണമായ പരിപാടി കാണാനും സാധിക്കും.




