കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്ന ഗുരുതര ആരോപണം നേരിടുന്നയാളെ യുഗാണ്ടയിൽ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മുജുറിസി മോസസ് എന്നയാളെയാണ് പിടികൂടിയത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇയാൾ നിരവധി കൊലപാതകങ്ങൾ നടത്തിയെന്നാണ് ആരോപണം. യുഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
യുഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളിയും നരഭോജിയുമാണ് മുജുറിസിയെന്ന് മുഹൂസി കൈനറുഗബ കുറിച്ചു. മസാക്ക, ഇബാൻഡ, കസോ ജില്ലകളിലായി 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്നാണ് ആരോപണം. പ്രതിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുമെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നും അദ്ദേഹം കുറിപ്പിൽ അവകാശപ്പെട്ടു.
വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ചാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ടതായും ആരോപണമുണ്ട്. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമികൾ കുടുംബാംഗങ്ങളെയെല്ലാം വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ഇയാളുമായി ബന്ധപ്പെട്ട ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആക്രമണം നടത്തിയവർ മോസസിന്റെ കൂട്ടാളികളാണെന്നാണ് സംശയം.
പ്രണയം നടിച്ച് ആളുകളെ വശീകരിച്ചും ഇയാൾ കൊലപാതകങ്ങൾ നടത്തിയതായി ആരോപണമുണ്ട്. മുൻപും പലതവണ പിടിയിലായിരുന്നെങ്കിലും പിന്നീട് രക്ഷപ്പെടുകയോ ദുരൂഹ സാഹചര്യങ്ങളിൽ വിട്ടയയ്ക്കപ്പെടുകയോ ചെയ്തെന്നാണ് റിപ്പോർട്ടുകൾ. മുൻ നടപടികളിൽനിന്ന് ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രതിയുടെ താമസസ്ഥലത്തുനിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ തിരോധാനക്കേസുകളും കൊലപാതകക്കേസുകളും അന്വേഷണസംഘം വീണ്ടും പരിശോധിച്ചുവരികയാണ്. ഇവയിൽ മോസസിന് പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, ഇയാൾക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.




