വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി തീരത്തേക്ക് അടുക്കുന്നതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും ജാഗ്രത ശക്തമാക്കി. വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരമേഖലകളിൽ മഴ കനത്തതോടെ കടൽ പ്രക്ഷുബ്ധമായി. തിരമാലകൾ 14 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ കാക്കിനട മേഖലയിൽനിന്ന് 89,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് നാളെ പുലർച്ചെ കരതൊടുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗതാഗത സംവിധാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് വിമാന സർവീസുകൾ റദ്ദാക്കുകയും നാലെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗം
ആന്ധ്രാപ്രദേശിലെ യാനം-കാക്കിനട മേഖലകൾക്കിടയിലാകും അർണബ് കരയിൽ പ്രവേശിക്കുകയെന്നാണ് പ്രവചനം. കരതൊടുമ്പോൾ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1,400-ലേറെ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്തെത്തിച്ചു.
ഒഡിഷയിലും മഴ ശക്തം
അയൽസംസ്ഥാനമായ ഒഡിഷയിലും കനത്ത ജാഗ്രത തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിൽ നാളെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും തീവ്രതയും നിരീക്ഷിച്ചുകൊണ്ട് ദുരന്തനിവാരണ സേനകളും സംസ്ഥാന അധികൃതരും മുന്നൊരുക്കങ്ങൾ തുടരുകയാണ്.




