ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും അതൃപ്തിയെന്ന് റിപ്പോർട്ട്. സിജെപിക്കെതിരെ ബിജെപിയും എൻഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് അത്താവലെയുടെ ക്ഷണം.
കഴിഞ്ഞ ദിവസം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചതായി രാംദാസ് അത്താവലെ വ്യക്തമാക്കിയത്. ദീപ്കെ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദീപ്കെ ഇതുവരെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ വ്യക്തമാക്കി.
അംബേദ്കറുടെ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചതെന്ന് അത്താവലെ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ യുവാക്കളുടെയും പ്രത്യേകിച്ച് ജെൻ സി വിഭാഗത്തിന്റെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംബേദ്കർ അനുകൂലിയും ഊർജസ്വലനും ജനകീയനുമാണ് ദീപ്കെയെന്നും അതുകൊണ്ടാണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും അത്താവലെ വിശദീകരിച്ചു.
അതേസമയം, അത്താവലെയുടെ ക്ഷണത്തിനെതിരെ അഭിജിത് ദീപ്കെ രംഗത്തെത്തി. ഒരുമാസം മുമ്പുവരെ ദേശദ്രോഹിയെന്ന് മുദ്രകുത്തിയ ഒരാൾ ഇപ്പോൾ എങ്ങനെയാണ് പ്രിയപ്പെട്ടവനായതെന്നായിരുന്നു ദീപ്കെയുടെ ചോദ്യം. അത്താവലെയുടെ ക്ഷണം രാഷ്ട്രീയരംഗത്ത് ചർച്ചയായതോടെ ബിജെപിക്കും എൻഡിഎയ്ക്കും ഇത് അസ്വസ്ഥതയുണ്ടാക്കുന്ന വിഷയമായെന്നാണ് റിപ്പോർട്ടുകൾ.




