കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ്‌ലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 70 ശതമാനം വർദ്ധിച്ച് 390 കോടി രൂപയായി. തുടർച്ചയായ അഞ്ചാം പാദത്തിലും അണ്ടർറൈറ്റിംഗ് ലാഭത്തിൽ മികച്ച മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്.
ഗ്രോസ് റിട്ടൺ പ്രീമിയം 19 ശതമാനം വർദ്ധിച്ച് 5,275 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 40 കോടി രൂപ നഷ്ടത്തിലായിരുന്ന അണ്ടർറൈറ്റിംഗ് ലാഭം 99 കോടി രൂപയായി ഉയർന്നു. അറ്റാദായം 233 ശതമാനം വളർച്ചയോടെ 265 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇത് 80 കോടി രൂപയായിരുന്നു. റീട്ടെയിൽ ഹെൽത്ത് ഫ്രെഷ് ജിഡബ്ല്യുപി 35 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കംബൈൻഡ് ഇൻഷുറൻസ് സർവീസ് റേഷ്യോ മുൻ വർഷത്തെ 100.9 ശതമാനത്തിൽ നിന്നും 2.9 ശതമാനം മെച്ചപ്പെട്ട് 98.0 ശതമാനം ആയി.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ ഗ്രോസ് റിട്ടൺ പ്രീമിയം 19 ശതമാനം വർദ്ധിച്ച് 9,562 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം 24 കോടി രൂപ നഷ്ടത്തിലായിരുന്ന നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ അണ്ടർറൈറ്റിംഗ് ലാഭം 210 കോടി രൂപയായി വർദ്ധിച്ചു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ അറ്റാദായം 56 ശതമാനം വർദ്ധിച്ച് 775 കോടി രൂപയുമായി. റീട്ടെയിൽ ക്ലെയിം സെറ്റിൽമെന്റ് അനുപാതം 1.4 ശതമാനം വർദ്ധിച്ച് 92.4 ശതമാനം ആയി. ഈ കാലയളവിൽ 22.5 ലക്ഷം ക്ലെയിമുകൾ കമ്പനി തീർപ്പാക്കി. കംബൈൻഡ് ഇൻഷുറൻസ് സർവീസ് റേഷ്യോ 100.3 ശതമാനത്തിൽ നിന്നും 97.9 ശതമാനം ആയി മെച്ചപ്പെട്ടു.
ഡിജിറ്റൽ ഡി2സി ചാനൽ വഴി 137 ശതമാനം വളർച്ചയാണ് കമ്പനി ആദ്യ പകുതിയിൽ നേടിയത്. പുതിയ പോളിസികളിൽ 97 ശതമാനവും ഡിജിറ്റൽ വഴിയാണ് കമ്പനി നേടിയത്. ആദ്യ പകുതിയിൽ 39,000 പുതിയ ഏജന്റുമാരെ കൂടി ഉൾപ്പെടുത്തിയതോടെ കമ്പനിയുടെ മൊത്തം ഏജന്റുമാരുടെ എണ്ണം 8.7 ലക്ഷമായി ഉയർന്നു.
ഉപഭോക്താക്കളുടെ നിലനിൽപ്പ് നിരക്കായ പെർസിസ്റ്റൻസി 4 ശതമാനം വർദ്ധിച്ച് 102 ശതമാനം ആയപ്പോൾ കമ്പനിയുടെ നെറ്റ് പ്രൊമോട്ടർ സ്കോർ 4 പോയിന്റ് വർദ്ധിച്ച് 65-ൽ എത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ ബിസിനസിന്റെ 65 ശതമാനത്തിലധികവും മെട്രോ ഇതര നഗരങ്ങളിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്.
തുടർച്ചയായ അഞ്ചാം പാദത്തിലും അണ്ടർറൈറ്റിംഗ് ലാഭത്തിൽ കൈവരിച്ച ഈ മികച്ച നേട്ടം ഉപഭോക്താക്കൾക്ക് കമ്പനിയിലുള്ള വിശ്വാസത്തെയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയെയുമാണ് സൂചിപ്പിക്കുന്നതെന്ന് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് റോയ് വ്യക്തമാക്കി.




