കോഴിക്കോട്: വോഡഫോൺ കമ്പനിയുടെ മെയിന്റനൻസ് വെയർഹൗസിൽ നിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ. കോഴിക്കോട് തിരുവണ്ണൂർ നടയിൽ ലേക്ക് വ്യൂ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമർനാഥ് (24), ഒളവണ്ണ സ്വദേശി ജ്യോതിഷ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ടവർ നിർമാണത്തിന് ഉപയോഗിക്കുന്ന 50 എംഎം വലുപ്പത്തിലുള്ള 300 മീറ്റർ നീളമുള്ള ചെമ്പുകമ്പിയാണ് മോഷണം പോയത്. വോഡഫോൺ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമർനാഥ് കഴിഞ്ഞ മാസമാണ് ജോലിയിൽ പ്രവേശിച്ചത്.
മെയിന്റനൻസ് ആവശ്യങ്ങൾക്കായി വെയർഹൗസിൽ നിന്ന് സാധനങ്ങൾ വിവിധ സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ അമർനാഥ് താക്കോൽ കൈക്കലാക്കി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.
പിടിക്കപ്പെടാതിരിക്കാൻ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് സ്കൂട്ടറിലെത്തിയായിരുന്നു മോഷണം. മോഷണത്തിന് ശേഷം കുറച്ചുദൂരം യാത്ര ചെയ്ത് വസ്ത്രം മാറ്റുകയും വിവിധ വഴികളിലൂടെ മടങ്ങുകയും ചെയ്തിരുന്നു.
രണ്ടു തവണ മോഷ്ടിച്ച ചെമ്പുകമ്പി ആക്രിക്കടയിൽ വിറ്റ് പണം ഇരുവരും പങ്കിട്ടെടുത്തതായാണ് വിവരം. മോഷണത്തിലൂടെ ലഭിച്ച പണം മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കൾക്കുമായി ചെലവഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ആഡംബര ജീവിതം നയിക്കാനാണ് ഇരുവരും ശ്രമിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.




