കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഇവ വീണ്ടെടുക്കുന്നതിനായി ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പ്രതിയായ 17കാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് കാർ ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
മകന് ഡ്രൈവിങ് അറിയാമായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന നിലപാടിലാണ് ജഡ്ജി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലും ഇതേ മൊഴിയാണ് അദ്ദേഹം ആവർത്തിച്ചത്. എന്നാൽ 17കാരൻ നേരത്തെ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി ഈ വാദം പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അപകടസമയത്ത് ഇയാൾ ഓടിച്ചിരുന്ന ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിലുണ്ടെന്നാണ് സൂചന.
ഇതിന് മുമ്പ് 208 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണവും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.




