കോഴിക്കോട്: കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂടാടി നരങ്ങോളി കുളത്തിന് സമീപം താമസിക്കുന്ന മുത്താച്ചികണ്ടി ഷിഹാബ് (26) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ 26ന് രാത്രി 10.30ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഷിഹാബും സുഹൃത്ത് മനൂഫും സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ കടന്നുപോയി. അപകടത്തിൽ മനൂഫിനും പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിഹാബ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരേതനായ ഉസ്മാന്റെയും സഫിയയുടെയും മകനാണ് ഷിഹാബ്. സഹോദരങ്ങൾ: ഷാഹിദ്, അഷ്കർ, അജ്മൽ, മുഹ്സിന.


