തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലുള്ള പ്രമുഖ വ്യക്തികളുമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആശയവിനിമയം നടത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല, സിപിഎമ്മും മമ്മൂട്ടിയെപ്പോലുള്ളവരെ നേരിൽ കണ്ട് സംസാരിക്കും. ലോകം അറിയുന്ന മഹാനടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകാം. എന്നാൽ അത്തരം വിമർശനങ്ങളെ ക്രിയാത്മകമായി കാണണമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മമ്മൂട്ടി സംസാരിക്കാൻ തയ്യാറാണെങ്കിൽ അതിൽ നിന്ന് മാറിനിൽക്കേണ്ട കാര്യമില്ല. അദ്ദേഹവുമായും മറ്റ് പ്രമുഖ വ്യക്തികളുമായും നല്ല ആശയവിനിമയം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോഴിക്കോട്ടെ എംഎസ്എഫ് അക്രമം ആസൂത്രിതമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. യൂത്ത് ലീഗ്, മുസ്ലിം ലീഗ്, എംഎസ്എഫ്, കെഎസ്യു പ്രവർത്തകർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ക്യാമ്പസിൽ ഗവേഷണം നടത്തുന്ന 600ഓളം വിദ്യാർഥികളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും പകരം സ്വാശ്രയ കോളേജിലെ വിദ്യാർഥികൾക്ക് വോട്ടവകാശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ കയറി വരെ ആക്രമണം നടത്തിയെന്നും ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്എഫ്ഐയുടെ കൊടിമരം മുറിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾ മറുപടി പറയണം. അക്രമികളെ നിയന്ത്രിക്കാൻ ലീഗ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും പൊലീസും ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ വിസിക്കാണ് ഒന്നാം ഉത്തരവാദിത്തമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.




