തിരുവനന്തപുരം: ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ഉറപ്പാക്കിയതിനുശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് നിർദേശിച്ച് എക്സൈസ് മന്ത്രി എം. ലിജു. ഇതിനായി ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും സംസ്ഥാനത്തെ ബാറുകൾക്ക് മന്ത്രി നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയാൽ ബന്ധപ്പെട്ട ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കേരളത്തിൽ മദ്യപാനത്തിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ പ്രായപരിധി കർശനമായി പാലിക്കണം. നെടുമ്പാശ്ശേരിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ താൻ തന്നെയാണ് എക്സൈസിനോട് കേസെടുക്കാൻ നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. നവംബറിൽ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയുൾപ്പെടെയുള്ള വിവിധ മേഖലകളുടെ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും കേരളത്തിന് അനുയോജ്യമായ മദ്യനയം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹോർട്ടി വൈൻ ഉൽപ്പാദനവും വിൽപ്പനയും കർഷകർക്ക് ഗുണകരമാകുമെങ്കിലും അതിന്റെ വിതരണത്തിൽ സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഉത്തരവാദിത്തത്തോടെയുള്ള മദ്യപാന സംസ്കാരം വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം. ലിജു പറഞ്ഞു. ലഹരി ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള സന്തുലിത മദ്യനയമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലഹരി നിയന്ത്രണത്തിനും ടൂറിസം വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമീപനമായിരിക്കും പുതിയ മദ്യനയത്തിലുണ്ടാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.




