ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഒടുവിൽ വിജയം. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതോടെയാണ് 18 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
2027 മേയ് 15നകം വിദ്യാർത്ഥി യൂണിയന്റെ ഭരണഘടന രൂപീകരിക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്. അടുത്ത അധ്യയനവർഷം ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
2006ലാണ് ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥി യൂണിയൻ പിരിച്ചുവിട്ടത്. അതിനുശേഷം ക്യാമ്പസിൽ യൂണിയൻ തെരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല. യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.
സമരം ശക്തമായതോടെ സർവകലാശാല ക്യാമ്പസ് അടച്ചിടുകയും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം അവസാനിച്ചില്ല. ഓൺലൈൻ ക്ലാസുകൾക്കിടെ ഗൂഗിൾ മീറ്റിലെ പ്രൊഫൈൽ ചിത്രങ്ങൾ സമര മുദ്രാവാക്യങ്ങളാക്കി മാറ്റിയും വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു.
സമരത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടികളും നൽകിയ ഷോക്കോസ് നോട്ടീസുകളും പിൻവലിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്താമെന്നും സർവകലാശാല നേരത്തെ സമ്മതിച്ചിരുന്നു.
എന്നാൽ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയ്ക്ക് അംഗീകാരം നൽകുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും കൃത്യമായ സമയപരിധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഈ നിർദേശങ്ങൾ തള്ളുകയായിരുന്നു. ഓൺലൈൻ ക്ലാസുകളിലേക്കുള്ള മാറ്റത്തെയും ക്യാമ്പസ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളെയും വിദ്യാർത്ഥികൾ എതിർത്തു.
അതിനിടെ, സർവകലാശാല അധികൃതരും ഡൽഹി പൊലീസും ചേർന്ന് വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചിരുന്നു. പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും ക്യാമ്പസ് കവാടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വിദ്യാർത്ഥികളെ തടഞ്ഞെന്നും എസ്എഫ്ഐ ആരോപിച്ചു.
ഒടുവിൽ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾക്ക് സമയപരിധിയോടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. വർഷങ്ങളായി മുടങ്ങിക്കിടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് വഴിതുറക്കുന്നതാണ് പുതിയ തീരുമാനം.




