കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത മാസം 9ന് വീണ്ടും ആരംഭിക്കും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പുനരാരംഭിക്കുന്നത്. അന്ന് കേസിലെ നാലാം സാക്ഷിയെ വിസ്തരിക്കും.
വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കേസിന്റെ വിചാരണ വീണ്ടും മുന്നോട്ടുപോകുന്നത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിന് സമീപം തെരൂരിൽ വെച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെക്കാലമായി നീണ്ടുപോകുന്ന കേസിന്റെ വിചാരണ വീണ്ടും ആരംഭിക്കുന്നത് ശ്രദ്ധേയമാണ്.




