കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് ഇനങ്ങളിലും സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാടിന്റെ അഭിമാനമായി നിവേദ്യ കലാധർ. പാലക്കാട് വടവന്നൂർ വി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് നിവേദ്യ.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ മത്സരങ്ങളിലാണ് നിവേദ്യ സ്വർണം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ മൂന്ന് ഇനങ്ങളിലും താരം സ്വർണനേട്ടം ആവർത്തിക്കുന്നത്. അവസാന ഇനമായ 800 മീറ്ററിന്റെ ആദ്യ റൗണ്ടിൽ മികച്ച വേഗത്തിലാണ് നിവേദ്യ ഓടിയത്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച മത്സരക്രമം ലഭിച്ചതാണ് തന്റെ മികച്ച പ്രകടനത്തിന് സഹായിച്ചതെന്ന് നിവേദ്യ പറഞ്ഞു.
ദേശീയ മീറ്റിൽ പങ്കെടുക്കാതെയാണ് താരം ഇത്തവണ സംസ്ഥാന കായികമേളയിൽ മത്സരിച്ചത്. ദേശീയ മീറ്റിൽ പങ്കെടുത്തിരുന്നെങ്കിൽ മെഡൽ നേടാൻ കഴിയുമായിരുന്നുവെന്നാണ് പരിശീലകൻ അജയകുമാറിന്റെ വിലയിരുത്തൽ.
എന്നാൽ ആ വിഷമം മാറ്റാൻ നിവേദ്യയ്ക്ക് മുന്നിൽ മറ്റൊരു അവസരമുണ്ട്. ഡിസംബർ മൂന്നിന് ബ്രസീലിൽ നടക്കുന്ന 1500 മീറ്റർ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിവേദ്യ പങ്കെടുക്കും. ഇതിനായുള്ള പരിശീലനവും താരം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി വടവന്നൂരിലെ തറവാട് ക്ലബ് സമ്മാനിച്ച സ്പൈക്ക്സ് ഷൂസ് ധരിച്ചാണ് നിവേദ്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ബ്രസീലിലെ അന്താരാഷ്ട്ര മത്സരത്തിലും ഇതേ ഷൂസ് ധരിച്ചായിരിക്കും താരം ട്രാക്കിലിറങ്ങുക. ഇന്ത്യയുടെ ഭാവി കായിക പ്രതീക്ഷയായി വളരുന്ന നിവേദ്യയ്ക്ക് പിന്തുണയുമായി അമ്മ ശാന്തിയും പരിശീലകൻ അജയകുമാറും ഒപ്പമുണ്ട്.




