തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ നടപടികൾ വീണ്ടും സജീവമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാനാണ് നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അര ഡസനിലേറെ നേതാക്കളുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. വനിതാ അധ്യക്ഷയെ നിയമിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, എം.എം. ഹസ്സൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കായി ഒരു വിഭാഗം നേതാക്കൾ രംഗത്തുണ്ട്. മാത്യു കുഴൽനാടനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, അധ്യക്ഷ പദവി ലക്ഷ്യമിട്ട് ഷാഫി പറമ്പിലും രംഗത്തുണ്ടെന്നാണ് സൂചന.
പുനഃസംഘടന ഉടൻ നടത്തണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷി നൽകിയ റിപ്പോർട്ടിലെ നിർദേശം. പല ജില്ലകളിലും സംഘടനാ പ്രവർത്തനം നിശ്ചലമായ അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘടന വൈകിയതെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ പ്രതികരിച്ചു. പുനഃസംഘടന എത്രയും വേഗം വേണമെന്ന ആവശ്യം എല്ലാവരും നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തിൽ അയവ് വരുന്നതോടെ പുനഃസംഘടനാ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷനില്ലാത്തത് കോൺഗ്രസ് പ്രവർത്തനങ്ങളെ സ്തംഭനാവസ്ഥയിലാക്കിയെന്ന് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും പാർട്ടി അനിശ്ചിതാവസ്ഥയിലാണെന്നും പുതിയ അധ്യക്ഷനില്ലാത്തതിനാൽ രാഷ്ട്രീയ നിലപാടുകൾ കൃത്യസമയത്ത് വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള നേതാവിന് കേരളത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനഃസംഘടന സംബന്ധിച്ച് മുതിർന്ന നേതാക്കൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ തീരുമാനം അനിശ്ചിതമായി നീളുന്നത് കോൺഗ്രസിനുള്ളിൽ അതൃപ്തി വർധിപ്പിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതോടെ സംസ്ഥാന കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിക്ക് പരിഹാരമാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.




