കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. സംഭവത്തിൽ പ്രാദേശിക രാഷ്ട്രീയ ഇടപെടലുണ്ടായെന്നും കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിവാദത്തെ തുടർന്ന് തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസം നേരിടേണ്ടിവന്നതായും പ്രിൻസിപ്പൽ പറഞ്ഞു.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും നൽകിയിട്ടില്ലെന്ന് ഷിവി കൃഷ്ണൻ വ്യക്തമാക്കി. കുട്ടികൾ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. എന്നാൽ പിടിഎ പ്രസിഡന്റിനെ മദ്യപിച്ചിരുന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനാ ഫലം നെഗറ്റീവായതോടെ താൻ മദ്യപിച്ചെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായതായും പ്രിൻസിപ്പൽ അവകാശപ്പെട്ടു. സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് തയ്യാറായതെന്നും സങ്കുചിത താൽപര്യങ്ങളുടെ പേരിൽ തന്നെ മാനസികമായി തകർക്കാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രായത്തിനനുസരിച്ചുള്ള അറിവേ അവർക്കുള്ളൂവെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളും ഇപ്പോൾ പ്രയാസം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദത്തിന് പിന്നിലുണ്ടെന്നാണ് പ്രിൻസിപ്പലിന്റെ ആരോപണം. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടന്നതായും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.


