തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യലഹരിയിലെത്തിയ പൊലീസുകാരൻ കുടുംബത്തെ ആക്രമിച്ചതായി പരാതി. മറൈൻ എൻഫോഴ്സ്മെന്റിലെ പൊലീസ് ഉദ്യോഗസ്ഥനായ ടിജുവാണ് മുക്കോല സ്വദേശി ശന്തനുവിനും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്.
ശന്തനു ഓടിച്ചിരുന്ന കാർ വഴിയിൽവെച്ച് ഓഫായതിനെ തുടർന്ന് ബൈക്കിലെത്തിയ ടിജു കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ ശന്തനുവിനെ മർദിക്കുകയും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവം കണ്ട നാട്ടുകാരും പൊലീസും ചേർന്നാണ് ടിജുവിനെ പിടികൂടിയത്. എന്നാൽ പൊലീസ് കസ്റ്റഡിയിലെത്തിച്ച ശേഷവും ഇയാൾ പരാക്രമം തുടർന്നതായാണ് വിവരം. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ഇയാൾ ശ്രമിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




