ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു. ജർമ്മൻ സ്വദേശിയും സ്ലൊവാക്യൻ സ്വദേശിയുമാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് കൂടി വൈദ്യുതാഘാതമേറ്റു. ഹലസൂരുവിലെ കോൺറാഡ് ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ജർമ്മൻ പൗരനും ലുഫ്താൻസ എയർലൈൻസ് ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), സ്ലൊവാക്യൻ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോർവാത് (45) എന്നിവരാണ് മരിച്ചത്. മൂന്നാം നിലയിലെ സ്വിമ്മിങ് പൂളിലാണ് അപകടമുണ്ടായത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനും ഹോട്ടലിലെ പൂൾ അറ്റൻഡന്റിനും വൈദ്യുതാഘാതമേറ്റു. പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലക്സാണ്ടറുടെ ഭാര്യ സിൽവിയ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വിമ്മിങ് പൂളിന്റെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും ഹോട്ടൽ മാനേജ്മെന്റ് അശ്രദ്ധ കാണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തിൽ ഹോട്ടൽ മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബർ 30 വരെ അറ്റകുറ്റപ്പണികൾക്കായി സ്വിമ്മിങ് പൂൾ അടച്ചിട്ടിരിക്കുകയാണെന്നാണ് ഹോട്ടലിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.



