ആലപ്പുഴ: വയലാർ പാലത്തിന്റെ തെക്കേക്കരയിലെ അപ്രോച്ച് റോഡിന് സമീപം മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം കോഴി അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും വലിയ കവറുകളിലാക്കി ഇവിടെ തള്ളിയിരിക്കുകയാണ്.
മാലിന്യം അഴുകി രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് പുലർച്ചെ കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന പുറത്തുനിന്നുള്ളവരാണ് മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകുന്നുണ്ടെങ്കിലും വീടുകളിൽനിന്ന് മാലിന്യം കൃത്യമായി ശേഖരിക്കുന്നില്ലെന്നും പരാതിയുണ്ട്.
ദേശീയപാതയോരങ്ങളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കായലോരങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുകയാണ്. പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



