ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ തന്നെ വിമത നീക്കം. നാഷണൽ കോൺഫറൻസിലെ 25 എംഎൽഎമാർ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രംഗത്തെത്തി. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടിയിലെ 41 എംഎൽഎമാരിൽ 25 പേർ വെള്ളിയാഴ്ച യോഗം ചേർന്നാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. എംഎൽഎ കൈസർ ജംഷീദ് ലോണിന്റെ വസതിയിലായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെയും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി ഉൾപ്പെടെയുള്ള ചില മന്ത്രിമാരെയും മാറ്റണമെന്നാണ് പ്രധാന ആവശ്യം.
ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും മന്ത്രിസഭാ പുനഃസംഘടനയിൽ സുതാര്യതയും വേണമെന്നും വിമത എംഎൽഎമാർ ആവശ്യപ്പെട്ടു. പാർട്ടിയും സർക്കാരും ഏതാനും വ്യക്തികളുടെ നിയന്ത്രണത്തിലാകരുതെന്നും നേതൃത്വം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും അവർ വ്യക്തമാക്കി.




