ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും നിതിൻ നബീൻ പറഞ്ഞു.
ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിജയമായി കോൺഗ്രസ് അതിനെ വിശേഷിപ്പിക്കും. എന്നാൽ ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും നിതിൻ നബീൻ ആരോപിച്ചു.
കോൺഗ്രസിന്റെ രാംലീല റാലിക്കെതിരെയും മുതിർന്ന ബി.ജെ.പി നേതാവ് ജെ.പി. നദ്ദ രംഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണെന്നും ഉത്സവകാലത്ത് ഡൽഹിയെ സ്തംഭിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും നദ്ദ പറഞ്ഞു.
വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയില്ലെന്നും ഉത്സവകാലത്ത് വലിയ ജനക്കൂട്ടത്തെ ഡൽഹിയിലെത്തിച്ച് വ്യാപാരം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചിട്ടും അത് പരിഗണിക്കാതെയാണ് കോൺഗ്രസ് മുന്നോട്ടുപോയതെന്നും നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ നടപടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും കോൺഗ്രസ് വെറുക്കുകയാണോ എന്നും നദ്ദ ചോദിച്ചു. രാജ്യത്തിന്റെ വികസനമല്ല, നാശമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കോൺഗ്രസിന്റെ ‘അരാജകത്വ ടൂൾകിറ്റ്’ പുറത്തായെന്നും അദ്ദേഹം ആരോപിച്ചു. കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് ഇന്ത്യയെ നയിക്കുന്നതെന്നും രാംലീല റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നദ്ദ കൂട്ടിച്ചേർത്തു.



