തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വീട്ടുവാടക സഹായവും ജീവനബത്തയും നവംബർ മാസം വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വാടക വീടുകളിൽ താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.
ടൗൺഷിപ്പിൽ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ലഭിക്കാത്തവരുമായ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കും. പുനരധിവാസ സഹായത്തിനായുള്ള രണ്ടാം ഘട്ടത്തിലെ എ, ബി അപ്പീൽ പട്ടികകളിൽ ഉൾപ്പെട്ടവരും റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെടാത്ത കുടുംബങ്ങളും ആനുകൂല്യത്തിന് അർഹരാണ്.
ഒക്ടോബർ മാസത്തെ വീട്ടുവാടക വിതരണം ചെയ്യുന്നതിനായി 16,02,000 രൂപ സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് വയനാട് ജില്ലാ കലക്ടർക്ക് തുക അനുവദിച്ചത്. റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടതും അല്ലാത്തതുമായ കുടുംബങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കി അടിയന്തരമായി കൈമാറാനും ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ദുരന്തബാധിതരായ വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും വെള്ളിയാഴ്ച സർക്കാർ ധനസഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.19 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക.




