കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ലയിൽ യമൻ സ്വദേശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് ബംഗ്ലാദേശ് സ്വദേശി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ ഷർഖ് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. ഭയന്ന നിലയിലാണ് ഇയാൾ സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ, കൊല്ലപ്പെട്ട യമൻ സ്വദേശി തന്റെ ദേഹത്ത് വെള്ളമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഇയാളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. അൽ മുത്‌ല സിറ്റിയിലെ ഒരു കെട്ടിടത്തിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ യമൻ സ്വദേശിയുടെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
മൃതദ്ദേഹം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ നേരത്തെ താമസസ്ഥലത്തുനിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നതായും കണ്ടെത്തി.
കസ്റ്റഡിയിലുള്ള പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന്റെ യഥാർഥ കാരണവും സംഭവവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.




