ചെന്നൈ: മുറസു ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11.30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുള്ളതിനാൽ നെല്ലൂർ മുതൽ നരസാപുരം വരെയുള്ള തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകാവുന്ന നാശനഷ്ടങ്ങൾ നേരിടാൻ തമിഴ്നാട്ടിൽ നിന്നുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി വിജയും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ജാഗ്രത പാലിക്കണമെന്ന് ഏഴ് വടക്കൻ ജില്ലകളിലെ ജില്ലാ കളക്ടർമാർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.




