Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരീക്ഷാ പരിഷ്കരണം; നന്ദൻ നിലേകനി സമിതിയുടെ കാലാവധി 2027 ജനുവരി വരെ നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദേശീയതലത്തിലെ പരീക്ഷാ പരിഷ്കരണങ്ങൾക്കായി നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര ടാസ്‌ക് ഫോഴ്സിന്റെ കാലാവധി 2027 ജനുവരി വരെ നീട്ടി കേന്ദ്ര സർക്കാർ. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ കഴിഞ്ഞ ജൂലൈയിലാണ് ആറംഗ സമിതിക്ക് രൂപം നൽകിയത്. പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരിൽനിന്നായി 50,000-ത്തിലധികം നിർദേശങ്ങൾ സമിതിക്ക് ലഭിച്ചിട്ടുണ്ട്. 2026 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിവിധ മേഖലകളിലുള്ളവരുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതിനാൽ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. സമിതിയുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ച തടയാൻ ഡിജിറ്റൽ വോൾട്ട്

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി വിപുലമായ ചോദ്യശേഖരം തയ്യാറാക്കാനാണ് സമിതിയുടെ പ്രധാന നിർദേശം. വിഷയങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചോദ്യങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ സൂക്ഷിക്കും. പരീക്ഷാ സമയത്ത് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് കമ്പ്യൂട്ടർ വഴി ക്രമരഹിതമായി ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.

ഡിജിറ്റൽ വിതരണ സംവിധാനം

പരീക്ഷയ്ക്ക് ദിവസങ്ങൾക്കുമുമ്പ് ചോദ്യപേപ്പറുകൾ അച്ചടിച്ച് സൂക്ഷിക്കുന്ന നിലവിലെ രീതിക്ക് പകരം, പരീക്ഷയ്ക്ക് തൊട്ടുമുമ്പ് എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ പരീക്ഷാകേന്ദ്രങ്ങളിലേക്ക് ഡിജിറ്റലായി ചോദ്യപേപ്പറുകൾ അയയ്ക്കാനും നിർദേശമുണ്ട്.

ചുമതലകൾ വിവിധ ഏജൻസികൾക്ക്

പരീക്ഷ നടത്തിപ്പ്, ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാകേന്ദ്രങ്ങളുടെ നടത്തിപ്പ് തുടങ്ങിയ ചുമതലകൾ ഒരൊറ്റ ഏജൻസിക്ക് നൽകുന്നതിന് പകരം വിവിധ ഏജൻസികൾക്കായി വിഭജിക്കാനും സമിതി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ക്രമക്കേടുകളും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, 2027 മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിക്ക് പുറമേ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐ.ബി ഡയറക്ടർ തപൻ ദേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീന എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix