കോട്ടയം: ദേശീയപാത 183-ൽ ചോറ്റിയിൽ അമിതവേഗത്തിൽ കാറോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവം ആത്മഹത്യാശ്രമമാണെന്ന് പ്രതിയുടെ മൊഴി. അപകടമുണ്ടാക്കിയ കാർ ഓടിച്ച കുട്ടിക്കൽ പുത്തൂർ സ്വദേശി ഷാരോൺ ഫിലിപ്പിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമുള്ള നരഹത്യാശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 8.15-നായിരുന്നു ചോറ്റി ജങ്ഷനിൽ അപകടമുണ്ടായത്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റു. കൂട്ടിക്കൽ സ്വദേശികളായ അൻസാരി (65), സഹിൽ (31), മടുക്ക സ്വദേശി ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ അദ്വൈത് (9), ആവണി (4), ചോറ്റി സ്വദേശി രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ദ് (11), പ്ലാമുട് സ്വദേശി രാജു (71) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ മൂന്നുപേർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം മടങ്ങി. അപകടത്തിൽ അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും തകർന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
അപകടമുണ്ടായത് ഇങ്ങനെ
മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ഷാരോൺ ഫിലിപ്പിന്റെ കാർ ആദ്യം മുന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. തുടർന്ന് അതിനെ മറികടന്ന് മുന്നോട്ടുപോയ കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിന്റെ പിന്നിലും ഇടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കാത്തുനിന്ന മറ്റൊരു കാറിലും ഇടിച്ചു. ഇതോടെ കാർ നിന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്.
കൂട്ടിക്കൽ സ്വദേശികളായ അൻസാരിയും സഹിലും മടുക്ക സ്വദേശി ശ്യാംജിത്തും കുടുംബവും ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു. പിന്നിൽനിന്ന് കാർ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നാലുവയസ്സുകാരിയായ മകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. പിന്നിൽനിന്നുള്ള ഇടിയുടെ ആഘാതം മാത്രമാണ് ഓർമയിലുള്ളതെന്ന് ശ്യാംജിത്ത് പറഞ്ഞു.




